
അടുത്തു കൂടുന്ന രാജകുമാരന്മാരെ പ്രലോഭനങ്ങളുടെ സ്വപ്നസ്വര്‍ഗം തീര്‍ത്ത് മയക്കി കൊണ്ട് പോകുന്നൊരധിസുന്ദരിയെ കുറിച്ചു പാടുന്നുണ്ട് കീറ്റ്സ് ഒരിടത്ത്. കാനന ചോലയില്‍ കാട്ടരുവികളോട് കിന്നാരം ചൊല്ലി, സ്വര്‍ഗ്ഗ കനികള്‍ നുണഞ്ഞു ,മോഹന വലയത്തില്‍ കുടുങ്ങി ഒപ്പം കൂടുന്ന കുമാരന്മാരെ ഒടുക്കം കൊന്നു തിന്നുന്നൊരു ഭീകര രാക്ഷസി. കഥയറിയാത്ത കൂടെക്കൂടിയ കഥാനായകന്റെ സ്തോഭ മുഖം മായാതെ മനസ്സില്‍ തങ്ങിയിരിക്കുന്നു, കുറച്ചു നാളായി ആര്‍ത്തിയോടെ പത്രം നിവര്‍ത്തി വെച്ചു വായനക്കൊരുങ്ങുമ്പോള്‍ തന്നെ അവനോടിയെത്തും. സ്വപ്ന സുന്ദരി കൊന്നുതള്ളി ചോരയൂറ്റിയ അസ്ഥികൂടുകള്‍ വിറങ്ങലോടെ നോക്കി നില്‍ക്കുന്ന നിസ്സഹായനായ കീറ്റ്സിന്റെ രാജകുമാരന്‍.പേജ് എട്ടില്‍ എത്തുംപോയെക്ക് ചുണ്ടല്‍പ്പം കോട്ടി, മൂക്ക് കൂര്‍പ്പിച്ചു ഒരിളിഞ്ഞ ചിരിയോടെ അവനെന്റെ മുഖാമുഖം നില്‍ക്കുന്നുണ്ടാവും.മോഡി മഹാന്റെ സദ്ഭാവനയും ഹരിയാന രാജ്യത്തെ തെരഞ്ഞെടുപ്പു വിശേഷങ്ങളും മഞ്ഞു നാട്ടിലെ ഹിതം പരിശോദിക്കലും... ഹൃദയത്തിന്റെ മറ്റേ കോണില്‍ വിജയീ ഭാവത്തോടെ അവള്‍ പൊട്ടിച്ചിരിക്കുന്നു.
നേര്,ഞാന്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു.പെട്ടുപോയെന്നു പലരും പറഞ്ഞപ്പോഴും ഞാനത് വിശ്വസിച്ചിരുന്നില്ല.ഓരോന്നോരോന്നിനും പക്ഷന്യായങ്ങള്‍ കണ്ടെത്താന്‍ ഞാനാവും വിധം ശ്രമിച്ചു .ഒടുക്കം സഞ്ജീവ് ബട്ടിനെ അറെസ്റ്റ് ചെയ്തെന്നു കേട്ടപ്പോള്‍ ഇപ്പോഴെങ്കിലും അയാളൊന്നു വാ തുറക്കുമെന്ന്, എന്‍റെ പ്രതീക്ഷകള്‍ക്ക് നനവ് തരുമെന്ന് ഞാനേറെ കൊതിച്ചു....വിഡ്ഢി..! ഇന്നിപ്പോ മൌന വൃതത്തിലാണത്രെ. 'മൌനം വിദ്വാന് ഭൂഷണം' (അതുല്യനായ വിദ്വാനദ്ദേഹം, നമ്മളാണല്ലോ വിഡ്ഢികള്‍ !) .
നാള്‍വഴി..
നാടും നഗരവും നെറികെട്ട അഴിമതിക്കോമരങ്ങളെ കൊണ്ട് പൊരുതി മുട്ടുന്ന കാലം. അന്നാ തമ്പുരാന്‍ ഗാന്ധിത്തോപ്പിയുമിട്ടു രാം ലീലയിലേക്ക് നടന്നതന്നാണ്. രാജ്യം രക്ഷപ്പെടുമെങ്കില്‍ അങ്ങനെയാവട്ടെയെന്നു കരുതി മാലോകര്‍ . അതിനു ചില കാരണങ്ങളുമുണ്ടായിരുന്നു. നാറുന്ന നാട്ടില്‍ ഒരു രക്ഷകനെ തേടുകയായിരുന്നു എല്ലാവരും . രാഷ്ട്രീയ തമ്പുരക്കളില്‍ ഒന്നിനെയും അവരതിന് പറ്റിയതായി കണ്ടെത്തിയില്ല.

അറ്റമില്ലാത്ത പണക്കൊതിയായിരുന്നു അവിടെയൊക്കെയും കണ്ടത്. അതിനു രാഷ്ട്രീയമില്ലായിരുന്നു.പ്രത്യയ ശാസ്ത്ര വിലങ്ങുകളില്ലായിരുന്നു. പ്രപഞ്ചോല്‍പത്തിയില്‍ പണ്ടെങ്ങാനോ തള്ളികളഞ്ഞ ആ പഴയ സിദ്ധാന്തം (സ്ഥിതിസ്ഥിരത വാദം )അവരിവിടെ തിരിച്ചെടുത്തു.ഉള്ളവന്‍ (ഉണ്ടാക്കുന്നവന്‍ )ഉള്ളവനായും ഇല്ലാത്തവന്‍ (ഇല്ലാതാക്കുന്നവന്‍, അവനാണല്ലോ രാജ്യത്തെ പാപ്പരെന്ന് വിളിപ്പിക്കുന്നവന്‍ )ഇല്ലാത്തവന്‍ ഇല്ലാത്തവനായും നിലകൊള്ളണമെന്നതാണ് പ്രകൃതി ശാസ്ത്രമെന്നവര്‍ വ്യംഗ്യമായി ധരിപ്പിച്ചു നമ്മളെ.
അതിനവര്‍ സമത്വമെന്ന വാക്കിനെ രണ്ടായി പിളര്‍ന്നു ,ഒരു ചീന്ത് ഒന്നാം കിടയിലും രണ്ടാം ചീന്ത് പാവങ്ങള്‍ക്കും ഇട്ടു കൊടുത്തു. രണ്ടു ചീന്തിലും 'സമത്വം' ഉണ്ടാക്കി- അതാണല്ലോ രാജ്യ തന്ത്രം.

ആദ്യം 'കോര്‍പറേറ്റ്' സമത്വം നോക്കാം. അവിടെ ചില മര്യാദകള്‍ പാലിക്കപെടണം . ഒന്നാമതായി പണം വാരുമ്പോള്‍ കൂടെ പിറപ്പുകളെ മറക്കരുത്.വിപണി എല്ലാവരെയും ഉള്‍ക്കൊണ്ട് കൊണ്ട് വിന്യസിക്കണം.എല്ലാ മൊതലാളിമാരും പണമതില്‍ നിന്നും കോരട്ടെ..ഫോബ്സ് മാഗസിനില്‍ ഒന്നാം പേജില്‍ മുകേഷ് ചേട്ടനിരിക്കുന്നുണ്ടെങ്കില്‍ തൊട്ടരികില്‍ രത്തന്‍ - പ്രേംജി സാറന്മാര്‍ക്കും അനിയനംബാനിക്കും ഇടം കൊടുത്തേക്കണം. ഇത്രയും പറഞ്ഞത് 'പൌര'ധര്‍മം. ഉത്തരവാദപെട്ട ഭരണ സംവിധാനങ്ങള്‍ക്ക് ഇതിലതികം ചെയ്യേണ്ടതുണ്ടല്ലോ. രാജ്യസേവ ജീവസേവയായി കരുതുന്ന തലവന്മാര്‍ അക്കാര്യം ഭംഗിയില്‍ നിര്‍വഹിച്ചു. കോര്‍പറേറ്റ് പൌരന്മാര്‍ വിലക്കയറ്റം കൊണ്ട് ബുദ്ധി മുട്ടരുതല്ലോ. അന്താരഷ്ട്രത്തില്‍ വില 'കുത്തനെ' കയറുമ്പോള്‍ വിപണി വില കൂട്ടാനും കയറ്റാനും സ്വാഭാവിക നീതി വെച്ച് തന്നെ അവര്‍ക്കവകാശം വേണമല്ലോ. ഈ രംഗത്ത് ഒരു വലിയ വിപ്ലവം തന്നെ നമ്മുടെ സര്‍ക്കാര്‍ ഉണ്ടാക്കി. വില നിയന്ത്രണാധികാരം (എണ്ണയാണല്ലോ സുല്‍ത്താന്‍) അപ്പാടെ 'ജനങ്ങള്‍'ക്ക് വിട്ടു കൊടുത്തു. രാജ്യം പണപ്രതിസന്ധിയിലേക്ക് പോകുന്നുവെന്ന് തോന്നിയപ്പോഴെക്ക് ക്രിയാത്മകമായി ഇടപെട്ടു.റിലയന്‍സും ടാറ്റയും തുടങ്ങി മുതലാളി മുഖ്യന്മാരെയെല്ലാം മന്ത്രിപ്രധാനന്‍റെ വരുത്തിആധിപങ്കിട്ടു. മദ്യ രാജാവിന്റെ വിമാനകമ്പനി നഷ്ടതിലെന്നു കേട്ടപാതി കേള്‍ക്കാത്ത പതി ഇളവുകളും ഇടപെടലുകളുമായി ഓടി പാഞ്ഞു . ഒരു ജനാധിപത്യ സര്‍ക്കാരിനു ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി!.
ഇനി മറ്റേ പാതി.
പാവങ്ങളുടെ പാതി, അരി പാതി, തൊഴി ലുറപ്പ് പാതി,അന്നയോചനപ്പാതി... അങ്ങനെ നൂറു നാട്ടില്‍ നൂറു പേരുള്ള രണ്ടാം ചീന്ത്. തുല്യ അദ്വാനം, തുല്യ വിശപ്പ്, തുലോം കാശും ...അങ്ങനെ ഇങ്ങേ പാതിയിലുംസര്‍ക്കാര്‍ സമത്വം നടപ്പാക്കി. മുമ്പങ്ങനെയായിരുന്നില്ല, ഇല്ലാത്തവര്‍ക്കിടയില്‍ നൂറു കൂട്ടങ്ങളുണ്ടായിരുന്നു. തെണ്ടുന്നവര്‍, തീണ്ടുന്നവര്‍, എരപ്പാളികള്‍, ചേരിക്കാര്‍, പിന്നെ നമ്മുടെ നാടന്‍ പാവങ്ങളും. ഇന്ന് രണ്ടാം പാതിയില്‍ എല്ലാവരും തുല്യരാണ്. എല്ലാവരും എരപ്പാളികള്‍, 'പാവ'രേഖക്ക് മുകളിലും താഴെയും നിന്ന് ക്യൂ നിന്ന് ഇരക്കുന്നു. പക്ഷെ ഈ ഇരപ്പിന് ഒരു പ്രൊഫെഷണല്‍ ടെചുണ്ട് അപേക്ഷ ഫില്ല് ചെയ്തു മുദ്ര പേപ്പറില്‍ (10 മുതല്‍ 100 വരെ പിഴിയാനൊക്കും വരെയും പിരിയും. )മുദ്ര ചാര്‍ത്തികൊടുക്കണം. മെട്ട്രിക്കിനു മേലെയും താഴെയും സ്കോളര്‍ഷിപ്പ്, ക്ഷേമനിധി, ക്ഷാമനിധി, കടാശ്വാസം, ദുരിതാശ്വാസം, അമ്പലത്തില്‍ ശാന്തിക്കാശ്വാസം, മദ്രസ്സയില്‍ മുഅല്ലിമിനുമാശ്വാസം ... ആശ്വസിപ്പിച്ഛശ്വസിപ്പിച്ച്ചു കൊന്നു സര്‍ക്കാരിവരെയോക്കെയും.

പിഴിഞ്ഞൂറ്റിയ കാശില്‍ നക്കാപിച്ച ആര്കൊക്കെയോ കൊടുത്തു. ബാക്കി പാവങ്ങള്‍ സ്വാഹ.. ഖജനാവ് കുമിഞ്ഞു കൂടി. സര്‍ക്കാര്‍ ജനകീയം- ഖജനാവു ഗംഭീരം, ഒരു വെടിക്ക് ഒരുപാട് പക്ഷികള്‍.
ഓണത്തിനിടക്ക് പൂട്ട് കച്ചവടമെന്ന് പറയാറില്ലേ. ഇതതിലും അപ്പുറം പോയി. പാവം ജനം ചില്ലിക്കാശിനു വേണ്ടി മണ്ടിപ്പായുമ്പോള്‍ ഇവര്‍ ഇപ്പുറത്തിരുന്നു കട്ട് മുടിച്ചു. സ്പെക്ട്രം (രണ്ട് ജിയും മൂന്നു ജിയും ) , ഭൂമി , കോമണ്‍ വെല്‍ത്ത് , ആദര്‍ശ്, ആവുന്നവര്‍ ആവുന്നിടത് വെചെല്ലാം കട്ടു.
ഏതു കഴുതക്കും ഒരുനാള്‍ വരുമെന്ന് പറയാറുണ്ടല്ലോ. നമ്മള്‍ ഭാരത മഹാ രാജ്യത്തെ കഴുത ജനങ്ങള്‍ക്കും (യജമാനന്‍ പുറത്തു വെച്ചു തരുന്നതെന്തും മറു ചോദ്യമില്ലാതെ ഏന്തി വലിഞ്ഞു പേറുന്നവന്‍, ജനാധി പത്യത്തിലെ മനുഷ്യകഴുതകള്‍ )അങ്ങനെ ചില തോന്നലുകള്‍ വരാന്‍ തുടങ്ങി. അറബ് നാട്ടില്‍ കെട്ടിനിര്‍ത്താനാവാത്ത അമര്‍ഷം കൊടുംകാറ്റായി വീശി തുടങ്ങിയതും അന്നാണ്. അതിന്റെ അലയൊലികളെന്നോണം ഇങ്ങ് ഇന്ത്യയിലും അഴിമതി വിരുദ്ധ മുന്നേറ്റങ്ങള്‍ ചൂട് പിടിച്ചു. ആയിടക്കു ദല്‍ഹിയില്‍ അന്നാ ഹസാരെ അനിശ്ചിത കാല നിരാഹാരം തുടങ്ങി. രാംലീല ഇന്ത്യയിലെ തഹ്രീരായി വ്യാഖ്യാനിക്കപെട്ടു. സൈബര്‍ ലോകം ഒന്നടങ്കം അന്നയെ പുകഴ്ത്തി. ഇന്റര്‍നെറ്റ് സൌഹൃദ കൂട്ടായ്മകളിലൂടെ അഴിമതി വിരുദ്ധ കാംപൈനില്‍ ലക്ഷങ്ങള്‍ പങ്കു ചേര്‍ന്നു. ഡല്‍ഹിയിലും കൊല്‍ക്കത്തയിലുമടക്കം കൂറ്റന്‍ റാലികള്‍ നടന്നു. അന്നാക്ക് വീര പരിവേഷം. കെജ്രിവാളും ബേദിയുമടക്കം വിപ്ലവ നേതാക്കളായി പഞ്ച പാണ്ഡവന്മാര്‍. പുകഞ്ഞു കത്തുന്ന അമര്‍ഷം എന്നെയും ആവേശം കൊള്ളിച്ചു. അന്നയ്ക്ക് പിന്തുണ നല്‍കല്‍ ഓരോ ഭാരതീയന്റെയും നിര്‍ബന്ധ കടമയാണെന്ന് വരെ തോന്നി.
അങ്ങനെയാണ് ഇന്ത്യ അഗന്‍സ്റ്റ് കറപ്ഷന്‍ എന്ന ഗ്രൂപ്പില്‍ അങ്ങമായി ചേരുന്നത്. രാജ്യത്തെ ഏറ്റവും വലിയ അഴിമതി വിരുദ്ധ പ്രസ്ഥാനമാണെന്നും അംഗമാകണമെന്നും പറഞ്ഞു സുഹൃത്തിന്റെ മെസ്സേജ് വന്നപ്പോ കൂടുതലൊന്നും ആലോചിക്കാനില്ലായിരുന്നു. രാജ്യത്തെ രക്ഷപെടുത്താന്‍ മേനെക്കെട്ടിറങ്ങിയ ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാവുന്നതില്‍ അഭിമാനം തോന്നി. ഹസാരെ മൂവ്മെന്റിനു പിന്തുണയറിയിച്ചു SMS കള്‍ പ്രവഹിച്ചപ്പോള്‍ കൂട്ടത്തില്‍ ഞാനുമയച്ചു. -അണ്ണാന്‍ കുഞ്ഞും തന്നാലായത് -

ഇന്ന് ഞാന്‍ തിരിച്ചറിയുന്നു. എല്ലാം വെറുതെ , പട്ടില്‍ പൊതിഞ്ഞ പാഷാണം- അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങളുടെ മറവില്‍ ആളാവാന്‍ ശ്രമിക്കുന്ന വെറുമൊരു ഗാന്ധി തൊപ്പി, അല്ലെങ്കില്‍ വര്‍ഗീയ ശക്തികള്‍ക്കു വേണ്ടപോലെ ഉരുട്ടിയെടുക്കാന്‍ പറ്റിയൊരു കൊഴുക്കട്ട- അല്ലാതോന്നുമായിരുന്നില്ല ഹസാരെ, 'പ്രകടന പരത' ഇറക്കി വെക്കാന്‍ പറ്റിയൊരിടം- കേജ്രിവാലും ബേദിയുമൊക്കെ അങ്ങനെയോരിടമായിട്ടാണ് കോര്‍ കമ്മിറ്റിയെ ഉപയോഗപ്പെടുത്തിയത്. ആത്മാര്‍ഥമായി രാജ്യത്തിന് വേണ്ടി സമരത്തിനിരങ്ങിയവര്‍ ആരുമിന്നാ കൂട്ടത്തിലില്ല.. അഗ്നിവേശ് സ്വാമിയും രാജേന്ദ്ര പ്രസാദും ഹെഗ്ടെയുമെല്ലാം കൂടൊഴിഞ്ഞു. ബേദിയും കെജ്രിവാളും തമ്മില്‍ തല്ലുന്നു. നമ്മള്‍ ഒരിക്കല്‍ കൂടി വിഡ്ഢികളായി. ഞങ്ങളുടെ രഹസ്യ പിന്തുണയുണ്ടായിരുന്നു സമരത്തിനെന്നു മോഹന്‍ ഭഗവത് പറയുന്നു. സമരത്തില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ ധാരാളം പങ്കെടുത്തിട്ടുണ്ടെന്നു ഗഡ്കരിയും സാക്ഷാല്‍ താക്കറെ തന്നെയും തീര്‍ത്തു പറയുന്നു. ഇടയ്ക്കു ഹസരെയദ്ദേഹം മോഡിമഹാനെ വല്ലാതെ പുകഴ്ത്തുന്നു. എല്ലാവരെയു പോലെ മോഡിയുടെ പുറംതോല്‍ മഹാത്മ്യത്തില്‍ (വികസനം എപ്പോഴും എല്ലായിടത്തും തൊലിപ്പുറതണല്ലോ) വീണു പോയ ഒരു പാവം നിഷ്കളങ്കന്‍ എന്നാണാദ്യം എല്ലാവരെയും പോലെ ഞാനും കരുതിയത്. പക്ഷെ ഗുജറാത്തിലെ നരഹത്യയെ കുറിച്ച് ഞെട്ടിക്കുന്ന വാര്‍ത്തകള്‍ നിരന്തരം വരുമ്പോയും നിസംഗനായി അതൊന്നും ഒരു ഗാന്ധിയനെ സംബന്ധിച്ചെടുത്തോളം തീര്‍ത്തും അപ്രസക്തങ്ങളാണെന്ന മട്ടില്‍ കൂനിക്കൂടിയിരിക്കുകയായിരുന്നു അന്നാ.സഞ്ജയ് ഭട്ടിന്റെ അറസ്റ്റ് നടന്നപ്പോ മിണ്ടാതിരുന്ന അന്നാ, സുഹ്രബുദീന്‍ ശൈഖിന്റെ ഏറ്റുമുട്ടല്‍ കൊലപാതകത്തെ കുറിച്ചുള്ള വാര്‍ത്ത വന്നപ്പോഴും വാ തുറന്നില്ല. ഗാന്ധി എന്നാ മഹാ ആശയത്തെ വികൃതമാക്കിയ ഗാന്ധിതൊപ്പിക്കാരന്‍,- കീറ്റ്സിന്റെ സുന്ദരിയെ പോലെ മുഖാവരണം നീക്കി അയാള്‍ ചിരിച്ചു കൊണ്ടേയിരിക്കുന്നു...